STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >1st Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 1st SESSION
 
22.06.2026 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

നെല്ല് സംഭരണം

*1   ശ്രീ. എ. ഡി. തോമസ്
ശ്രീമതി ഉമ തോമസ്
ശ്രീ. സെബാസ്റ്റ്യൻ. എം. ജെ
ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻ സർക്കാരിന്റെ കാലത്ത് നെല്ല് സംഭരണത്തിലെ വീഴ്ചകൾ മൂലം കർഷകർ വലിയ പ്രതിസന്ധി നേരിടേണ്ടി വന്നുവെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ;

(ബി)  എങ്കിൽ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനിന്നിരുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;

(സി)  നെല്ല് സംഭരണം കാര്യക്ഷമമായി നടപ്പാക്കുന്നതിനും സംഭരിച്ച നെല്ലിന്റെ വില സമയബന്ധിതമായി കർഷകർക്ക് ലഭ്യമാക്കുന്നതിനും എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

സാമൂഹ്യക്ഷേമ പെൻഷൻ പദ്ധതി

*2   ശ്രീമതി ഒ. എസ്. അംബിക
ശ്രീ. എ. സി. മൊയ്തീന്‍
ശ്രീ. കെ. വി. സുമേഷ്
ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷൻ സമയബന്ധിതമായി നൽകുന്നതിന് മുന്‍ സർക്കാ‍ർ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(ബി)  2021-2026 വരെയുള്ള കാലയളവിൽ വിതരണം ചെയ്ത പെൻഷൻ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(സി)  പ്രസ്തുത കാലയളവിൽ പെൻഷൻ ഉപഭോക്താക്കളുടെ എണ്ണത്തിലും തുകയിലെ വർദ്ധനവിലും ഉണ്ടായിട്ടുള്ള പുരോഗതി വ്യക്തമാക്കാമോ;

(ഡി)  പെൻഷൻ വർദ്ധിപ്പിച്ച് നൽകുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; ഉണ്ടെങ്കിൽ വർദ്ധിപ്പിച്ച തുക എന്ന് മുതലാണ് വിതരണം ചെയ്ത് തുടങ്ങുന്നതെന്ന് വ്യക്തമാക്കാമോ?

സൗജന്യ പൊതുജനാരോഗ്യ ഇൻഷുറന്‍സ് പദ്ധതി

*3   ശ്രീ. എ. പ്രഭാകരന്‍
ശ്രീ. സി. കെ. ഹരീന്ദ്രന്‍
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഓരോ കുടുംബത്തിനും പ്രതിവര്‍ഷം 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)  ഇതിനായി പ്രതിവര്‍ഷം ഇൻഷുറന്‍സ് കമ്പനികള്‍ക്ക് പ്രീമിയം ഇനത്തില്‍ നല്‍കേണ്ടി വരുന്ന തുക എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  ഇന്‍ഷുറന്‍സ് കമ്പനികളെയും സ്വകാര്യ ആശുപത്രികളെയും കൂടുതലായി ആശ്രയിക്കുന്ന ഈ പുതിയ ഇന്‍ഷുറന്‍സ് നയം സര്‍ക്കാ‍ര്‍ മേഖലയില്‍ വികസിച്ചു വരുന്ന പൊതുജനാരോഗ്യ സംവിധാനങ്ങളെയും മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളെയും തകര്‍ക്കാന്‍ ഇടയാക്കുമെന്ന ആശങ്ക പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  സ്വകാര്യ ഇൻഷുറന്‍സ് മേഖലയ്ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ നിലവിലുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും മരുന്നു ലഭ്യത ഉറപ്പാക്കാനുമുള്ള ഫണ്ട് വിഹിതം സംബന്ധിച്ച് നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ?

തദ്ദേശമേഖലയില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍

*4   ശ്രീ. കെ. കെ. രാമചന്ദ്രന്‍
ശ്രീ. സജി ചെറിയാന്‍
ശ്രീ. എന്‍. കെ. അക്ബര്‍
ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഭവനരഹിതരുടെ പുനരധിവാസത്തിനായി നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി വ്യക്തമാക്കാമോ;

(ബി)  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(സി)  നഗരസഭകളുടേയും കോര്‍പ്പറേഷനുകളുടേയും സേവനനിലവാരം മെച്ചപ്പെടുത്താനായി നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;

(ഡി)  മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ തദ്ദേശമേഖലയിലെ നേട്ടങ്ങള്‍ക്ക് ദേശീയ തലത്തില്‍ കേരളത്തിന് ലഭിച്ച അംഗീകാരങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

കിഫ്ബി കരാറുകാർക്ക് നൽകാനുള്ള തുക

*5   ശ്രീ. മഞ്ഞളാംകുഴി അലി
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കിഫ്ബിക്കു വേണ്ടി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ കരാറുകാർക്ക് തുക അനുവദിക്കുന്നില്ലെന്ന പരാതി പരിശോധിച്ചിട്ടുണ്ടോ;

(ബി)  പ്രസ്തുത കരാറുകാർക്ക് നൽകാനുള്ള കുടിശ്ശിക തുക എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നൽകാമോ;

(സി)  കരാറുകാർക്ക് കുടിശ്ശിക വരുത്തിയത് കിഫ്ബി പദ്ധതികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ; എങ്കിൽ കരാറുകാർക്ക് കുടിശ്ശിക തീർത്തുനൽകുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കാമോ?

ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക അദാലത്തുകള്‍

*6   ശ്രീ. പാറക്കൽ അബ്‌ദുല്ല
ശ്രീ. പി. കെ. നവാസ്
ശ്രീ. ഫൈസൽ ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വിവിധ സർക്കാർ ഓഫീസുകളിലായി ഫയലുകള്‍ കെട്ടിക്കിടക്കുന്നതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ;

(ബി)  ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക അദാലത്തുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)  അകാരണമായി ഫയലുകള്‍ വെച്ചു താമസിപ്പിക്കുന്നവര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

കേരളത്തിലെ വന്‍കിട പദ്ധതികളുടെ പുരോഗതി

*7   ശ്രീ. കെ. യു. ജനീഷ് കുമാര്‍
ശ്രീ. വി. ജോയി
ശ്രീ. സി. കെ. ഹരീന്ദ്രന്‍
ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന വന്‍കിട പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;

(ബി)  വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അനുബന്ധ പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മുൻ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കി വന്നതും പുതുതായി വിഭാവനം ചെയ്തതിട്ടുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാമെന്ന് വ്യക്‌തമാക്കാമോ;

(സി)  പ്രസ്തുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കാര്യക്ഷമമായി ഇടപെടല്‍ നടത്തുമോ; വ്യക്തമാക്കാമോ?

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് നടപടി

*8   ശ്രീ. എഫ്. രാജ
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. ദീപക് ജോയ്
ശ്രീ. കെ. ബിനിമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തിന്റെ നിലവിലെ കടബാധ്യത എത്രയാണെന്ന് വ്യക്തമാക്കുമോ;

(ബി)  സംസ്ഥാനത്തിന്റെ നിർബന്ധിത ചെലവുകൾ മൊത്തം റവന്യൂ വരുമാനത്തിന്റെ എത്ര ശതമാനമാണെന്ന് വിശദമാക്കുമോ;

(സി)  സംസ്ഥാനത്തിന്റെ മൂലധന ചെലവ് മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 1.3% മാത്രമാണെന്നുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;

(ഡി)  മുൻ സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റിലെ വീഴ്ചകൾ കാരണമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടായതെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

(ഇ)  മുൻ സർക്കാരിന്റെ കടുകാര്യസ്ഥതയും ധനകാര്യ മാനേജ്മെന്റിലെ വീഴ്ചകളും മൂലം ഉണ്ടായിട്ടുള്ള അതിരൂക്ഷമായ ഈ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമൊ

വയോജനക്ഷേമം

*9   ശ്രീ. വർഗ്ഗീസ് മാമ്മൻ
ശ്രീ. തോമസ് ഉണ്ണിയാടൻ
ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് മുതിർന്ന പൗരന്മാരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ വയോജനക്ഷേമ വകുപ്പിന്റെ രൂപീകരണം വയോജന പരിപാലന സംവിധാനങ്ങളിൽ എന്തെല്ലാം ഗുണപരമായ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് വിശദമാക്കാമോ;

(ബി)  വയോജനങ്ങൾ സമൂഹത്തിന് ബാധ്യതയല്ല മറിച്ച് മുതൽക്കൂട്ടാണെന്ന വസ്തുത തിരിച്ചറിഞ്ഞ് അവരുടെ സാന്നിധ്യം ഫലപ്രദമായി ഉപയോഗപ്പെടുത്താനുതകുന്ന പദ്ധതികൾ പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ;

(സി)  വയോജന സമൂഹത്തിന് ഇൻഷുറൻസ് അധിഷ്ഠിത പരിചരണ സംവിധാനങ്ങൾ ഏര്‍പ്പെടുത്താനും അതിനാവശ്യമായ നിപുണതയുള്ള തൊഴിലാളികളെ സൃഷ്ടിക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;

(ഡി)  വൃദ്ധസദന മാതൃക ഒഴിവാക്കി, വയോജനങ്ങൾക്ക് സ്വഭവനങ്ങളിൽ തന്നെ ആരോഗ്യപരിപാലനവും മറ്റ് അവശ്യസേവനങ്ങളും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

ഇന്ദിരാ ഗ്യാരണ്ടി

*10   ശ്രീ. സന്ദീപ് വാര്യർ
ശ്രീ. അൻവർ സാദത്ത്
ശ്രീ. നീലകണ്ഠൻ
ശ്രീ. ടി .ഒ. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജനക്ഷേമത്തിന് മുൻഗണന നൽകുന്ന നയപരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ തയ്യാറാകുമോ; വിശദാംശം വ്യക്തമാക്കുമോ;

(ബി)  സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടികളുടെ വിശദാംശങ്ങൾ വ്യക്തമാക്കുമോ;

(സി)  ഇന്ദിരാ ഗ്യാരണ്ടികൾ നടപ്പാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദീകരിക്കുമോ?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന റൂറൽ ഗ്രാൻഡ്

*11   ശ്രീമതി രമ്യ ഹരിദാസ്
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. റോയി. കെ. പൗലോസ്
ശ്രീ. എം. എം. നസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പതിനാറാം ധനകാര്യ കമ്മീഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന റൂറൽ ഗ്രാൻഡിൽ കുറവ് വരുത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  റൂറൽ ഗ്രാൻഡിൽ കുറവ് വരുത്തിയത് സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;

(സി)  പ്രസ്തുത പ്രതിസന്ധി പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ; വിശദമാക്കാമോ?

പൊതുവിതരണ സംവിധാനത്തിലെ സുതാര്യത

*12   ശ്രീ. പി. എ. മുഹമ്മദ് റിയാസ്
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുവിതരണ സംവിധാനത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനായി മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച പ്രധാന നടപടികള്‍ എന്തൊക്കെയായിരുന്നു എന്ന് വിശദമാക്കാമോ;

(ബി)  മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ പൊതുവിതരണ സംവിധാനത്തിലൂടെ പ്രതിമാസ ഭക്ഷ്യധാന്യങ്ങള്‍ ലഭിച്ച ഗുണഭോക്താക്കളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;

(സി)  റേഷന്‍കടകളുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനായി മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയായിരുന്നു എന്ന് വ്യക്തമാക്കാമോ;

(ഡി)  ഡിജിറ്റല്‍ സേവനങ്ങളിലൂടെ പൊതുവിതരണമേഖലയിലെ ഗുണഭോക്താക്കള്‍ക്ക് ലഭിച്ച സൗകര്യങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് വിശദമാക്കാമോ?

സുസ്ഥിര വികസനം ഉറപ്പുവരുത്തുവാൻ പുതിയ പദ്ധതികൾ

*13   ശ്രീമതി ഗീതാ ഗോപി
ശ്രീ. ജി. ആര്‍. അനില്‍
ശ്രീ. പി. പ്രസാദ്
ശ്രീ. കെ. കെ. വത്സരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുഖ്യധാരാ വികസന സങ്കല്പങ്ങൾക്ക് ബദലായി പദ്ധതി ആസൂത്രണത്തിലും നടത്തിപ്പിലും നയരൂപീകരണത്തിലും ജനപക്ഷവികസനത്തിന്റെ പുതിയ കാഴ്ചപ്പാട് മുന്നോട്ടു വെച്ച മുന്‍സര്‍ക്കാരിന്റെ കാലത്ത് കേരളം ലോകത്തിന് മാതൃകയായിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  വളർച്ചയും സമഗ്രവികസനവും സാമൂഹികക്ഷേമവും മുൻനിർത്തി സുസ്ഥിര വികസനത്തിന്റെ മികച്ച മാതൃക സൃഷ്ടിക്കുവാന്‍ മുന്‍സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  സംസ്ഥാനത്തിന്റെ സുസ്ഥിരവികസനം ഉറപ്പുവരുത്തുവാൻ എന്തെല്ലാം പുതിയ പദ്ധതികളാണ് ഈ സർക്കാരിന്റെ പരിഗണനയിലുള്ളത്; വിശദമാക്കാമോ;

(ഡി)  പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നേരിട്ട് സമാഹരിച്ച് ഭാവി വികസന പരിപാടികൾ ആവിഷ്കരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ പ്രവർത്തനം

*14   ശ്രീ. നാട്ടകം സുരേഷ്
ഡോ. മാത്യു കുഴൽനാടൻ
ശ്രീ. സിറിയക് തോമസ്
ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയുള്ള നിയമനങ്ങളിൽ കാലതാമസം നേരിടുന്നുവെന്നും പരീക്ഷാ നടപടികളിൽ വീഴ്ച സംഭവിക്കുന്നുവെന്നുമുള്ള ആക്ഷേപങ്ങൾ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വിശദമാക്കാമോ;

(ബി)  മുൻ സർക്കാരിന്റെ കാലത്ത് പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയുള്ള നിയമനങ്ങളിൽ തട്ടിപ്പ് നടന്നുവെന്നും പരീക്ഷ നടപടികളിൽ വീഴ്ച സംഭവിച്ചു എന്നുമുള്ള ആക്ഷേപങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ആക്ഷേപങ്ങളിൽ അന്വേഷണം നടത്തുവാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;

(സി)  പബ്ലിക് സർവീസ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടുന്ന രീതിയിൽ പരീക്ഷാ തട്ടിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ മുൻ സർക്കാരിന്റെ കാലഘട്ടത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ പബ്ലിക് സർവീസ് കമ്മീഷന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമൊ;

(ഡി)  സംസ്ഥാനത്ത് വിവിധ വകുപ്പുകളിൽ നിലവിൽ വരുന്ന ഒഴിവുകൾ സമയബന്ധിതമായി പി. എസ്. സി. യ്ക്ക്‌ റിപ്പോർട്ട് ചെയ്ത് നിയമനം നടത്തുന്നതിന് നിയമനിർമ്മാണം നടത്തുവാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ?

ഷിഗെല്ല രോഗം

*15   ശ്രീ. സജീവ് ജോസഫ്
ശ്രീ. കെ. ജയന്ത്
ശ്രീ. വി. എസ്. ജോയി
ശ്രീ. കെ. പി. നൗഷാദ് അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ഷിഗെല്ല രോഗം റിപ്പോർട്ട്‌ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  ഏതെല്ലാം ജില്ലകളില്‍ നിന്നാണ് രോഗം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)  പ്രസ്തുത രോഗം തടയാൻ എന്തെല്ലാം കർമ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അറിയിക്കാമോ?

വയോജനക്ഷേമ വകുപ്പിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍

*16   ശ്രീമതി ഉഷ വിജയൻ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. കെ. എം. അഭിജിത്ത്
ശ്രീ. കെ. പ്രവീൺ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  രാജ്യത്ത് ആദ്യമായി രൂപീകരിച്ച വയോജനക്ഷേമ വകുപ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമാക്കാമോ;

(ബി)  വയോജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി എന്തൊക്കെ പുതിയ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

സംയോജിത തുറമുഖ കേന്ദ്രമാക്കുവാൻ പദ്ധതി

*17   ശ്രീമതി കെ. കെ. രമ
ശ്രീ. എം. വിന്‍സെന്റ്
ശ്രീ. വി. ടി. സൂരജ്
ശ്രീമതി വിദ്യാ ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയും മനുഷ്യ വിഭവശേഷിയും ഫലപ്രദമായി വിനിയോഗിക്കുന്നതും പരിസ്ഥിതി സൗഹൃദവുമായ ഒരു വികസന നയം ആവിഷ്കരിക്കുന്നതിന് പദ്ധതിയുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കുമോ;

(ബി)  കേരളത്തിന്റെ 600 കിലോമീറ്റർ വരുന്ന തീരപ്രദേശവും നദികളും തടാകങ്ങളും ഉൾപ്പെടുന്ന ഭൂപ്രകൃതിയും അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഫലപ്രദമായി കോർത്തിണക്കി സംസ്ഥാനത്തെ ഒരു സംയോജിത തുറമുഖ കേന്ദ്രമാക്കുവാൻ പദ്ധതി ആവിഷ്കരിക്കുമോ; വ്യക്തമാക്കുമോ;

(സി)  മേൽപ്പറഞ്ഞ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നയ സമീപനം എന്താണെന്നും ഇക്കാര്യത്തിൽ എന്തൊക്കെ തുടർ നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ?

നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍

*18   ശ്രീ. പി. പി. സുമോദ്
ശ്രീ. കെ. എന്‍. ബാലഗോപാല്‍
ശ്രീ. കെ. വി. സുമേഷ്
ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലും നികുതി ഇതര വരുമാനത്തിലും മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുള്ള വളര്‍ച്ച ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ;

(ബി)  നികുതി വരുമാനത്തിന്റെ എത്ര ശതമാനമാണ് നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനും അനുബന്ധ ചെലവുകള്‍ക്കും പെന്‍ഷനുമായി നല്‍കേണ്ടി വരുന്നതെന്ന് വിശദീകരിക്കാമോ;

(സി)  നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ നടപടി

*19   ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. റോയി. കെ. പൗലോസ്
ശ്രീ. എം. എം. നസീർ
ശ്രീമതി രമ്യ ഹരിദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻ സർക്കാരിന്റെ കാലയളവിൽ കേരളം വിലക്കയറ്റ സൂചികകളിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് ആയിരുന്നതിനാൽ ജനങ്ങൾ വലിയ പ്രതിസന്ധി നേരിട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ ഫലപ്രദമായ വിപണി ഇടപെടലിനായി കർമ്മ പദ്ധതി ആവിഷ്കരിക്കുമോ; വ്യക്തമാക്കുമോ;

(ബി)  വിലക്കയറ്റം പ്രതിരോധിക്കുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;

(സി)  ഇന്ധന പ്രതിസന്ധിയുടെ സാഹചര്യത്തില്‍ റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം തടസ്സപ്പെടാതിരിക്കാനും അര്‍ഹരായവര്‍ക്ക് ലഭ്യമാക്കാനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

അതിവേഗ റെയില്‍ പദ്ധതി

*20   ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. ദീപക് ജോയ്
ശ്രീ. എഫ്. രാജ
ശ്രീ. കെ. ബിനിമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തില്‍ അതിവേഗ റെയില്‍പാത സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;

(ബി)  സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന അതിവേഗ റെയില്‍പാതയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്നും സംസ്ഥാനത്ത് എവിടെയെല്ലാം സേവനം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായുമുള്ള വിവരം വ്യക്തമാക്കാമോ;

(സി)  അതിവേഗ റെയില്‍പാത സ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടോ; അതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭ്യമാകേണ്ടതുണ്ടോ എന്ന് വ്യക്തമാക്കാമോ?

മെഡിക്കൽ കോളേജുകളിൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് നടപടി

*21   ശ്രീ. ജ്യോതികുമാർ ചാമക്കാല
ശ്രീ. എൻ. ശക്തൻ
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ മുൻ സർക്കാർ പരാജയപ്പെട്ടത് മൂലം ചികിത്സ തേടുന്നവർ പ്രതിസന്ധി നേരിടുന്നതായ ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;

(ബി)  മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ രോഗികൾ നിലത്ത് കിടക്കുന്ന ദുരവസ്ഥ ഒഴിവാക്കുന്നതിന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതലുള്ള ആരോഗ്യ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(സി)  കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് ഉറപ്പാക്കുന്നതിന് സംസ്ഥാനത്ത് പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?

വ്യോമയാന അടിസ്ഥാന സൗകര്യവികസനത്തിനായി പ്രത്യേക പദ്ധതി

*22   ശ്രീ. കെ. പി. നൗഷാദ് അലി
ശ്രീ. സജീവ് ജോസഫ്
ശ്രീ. കെ. ജയന്ത്
ശ്രീ. വി. എസ്. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തിന്റെ പുരോഗതിക്ക് അനുയോജ്യമായതും പരിസ്ഥിതി സൗഹൃദവുമായ വികസനനയം ആവിഷ്കരിച്ച് നടപ്പാക്കാൻ തയ്യാറാകുമോയെന്ന് വ്യക്തമാക്കാമോ;

(ബി)  സംസ്ഥാനത്തെ വ്യോമയാന അടിസ്ഥാനസൗകര്യ വികസനത്തിനായി പ്രത്യേക പദ്ധതി ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;

(സി)  കേരളത്തെ ദക്ഷിണേഷ്യയിലെ സിവിൽ വ്യോമയാനത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിന് അനുയോജ്യമായ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?

തുറമുഖ നഗരം പദ്ധതി

*23   ശ്രീ. വിനു ജോബ് കുഴിമണ്ണിൽ
ശ്രീ. അപു ജോൺ ജോസഫ്
ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ രാജ്യാന്തര, ഇടത്തരം തുറമുഖങ്ങളെ സംയോജിപ്പിച്ച് തുറമുഖ നഗരം പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടോ; എങ്കിൽ പദ്ധതിയുടെ സവിശേഷതകൾ വ്യക്തമാക്കാമോ;

(ബി)  സംസ്ഥാനത്തെ ദീർഘമായ കടൽത്തീരവും കണ്ടെയ്നർ ടെർമിനലിന്റെ സാന്നിധ്യവും പദ്ധതിയിൽ ഏതു വിധേന പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്;

(സി)  പ്രസ്തുത പദ്ധതി പൂർത്തിയാകുമ്പോൾ സംസ്ഥാനത്തെ ചരക്കു നീക്കത്തിന്റെ എത്ര ശതമാനം കടൽമാർഗ്ഗം ആകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; ചരക്കു നീക്കത്തിന് പുറമെ ടൂറിസം വികസനത്തിനും പദ്ധതി ഗതിവേഗം പകരുമെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ;

(ഡി)  പ്രസ്തുത പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്ന തൊഴിൽ സൃഷ്ടിക്കുന്നതിന് ഉതകുന്ന നൈപുണ്യ വികസനത്തിന് പദ്ധതിയിൽ പരിഗണന നൽകിയിട്ടുണ്ടോ; ഇതിനായുള്ള വിദഗ്ദ്ധ പരിശീലനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ഇ)  പരിസ്ഥിതിക്കും സമുദ്ര ആവാസവ്യവസ്ഥയ്ക്കും പദ്ധതി മൂലം ഉണ്ടായേക്കാവുന്ന വെല്ലുവിളികൾ ലഘൂകരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും പദ്ധതിയുടെ ഭാഗമാണോ; വ്യക്തമാക്കാമോ?

ദുരന്തനിവാരണ സംവിധാനത്തിന്റെ കാര്യക്ഷമത

*24   ശ്രീ. രമേഷ് പിഷാരടി
ശ്രീ. സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ. സുമേഷ് അച്ചുതൻ
ശ്രീ. രാജൻ. ജെ. പല്ലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ദുരന്തനിവാരണ സംവിധാനത്തിന്റെ കാര്യക്ഷമതയെക്കുറിച്ചുള്ള വിലയിരുത്തൽ നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ബി)  2018-ലെ പ്രളയത്തിന് കാരണമായത് ഡാം മാനേജ്മെന്റിൽ ഉണ്ടായ വീഴ്ചയാണെന്ന ആക്ഷേപം ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ പരിഗണിച്ച് സംസ്ഥാനത്തെ ദുരന്തനിവാരണ സംവിധാനത്തെ കാലാനുസൃതമായി പരിഷ്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(സി)  ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ജനപങ്കാളിത്തത്തോട് കൂടി ഏതൊരു ദുരന്ത സാഹചര്യത്തിലും കാര്യക്ഷമമായി പ്രതികരിക്കുന്ന ദുരന്ത ലഘൂകരണ സംവിധാനം പ്രവർത്തനസജ്ജമാക്കുവാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

സർക്കാർ ജീവനക്കാരുടെ സ്ഥലം മാറ്റം

*25   ശ്രീ. എ. സി. മൊയ്തീന്‍
ശ്രീ. കെ. എന്‍. ബാലഗോപാല്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തെത്തുടര്‍ന്ന് സർവ്വീസ് സംഘടനകളുടെ ആവശ്യപ്രകാരം മാനദണ്ഡവിരുദ്ധമായി സർക്കാർ ജീവനക്കാരെ സ്ഥലംമാറ്റി എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത സ്ഥലംമാറ്റ ഉത്തരവുകൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ;

(സി)  സർവ്വീസ് സംഘടനാ ഭാരവാഹികൾ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലുള്ള സ്ഥലംമാറ്റ നടപടികൾ ക്രമപ്രകാരമാണോയെന്ന് വ്യക്തമാക്കാമോ; അല്ലെങ്കിൽ അത്തരം സ്ഥലംമാറ്റങ്ങൾ റദ്ദ് ചെയ്‌ത്‌ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമോയെന്നു വിശദമാക്കാമോ;

(ഡി)  സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് പൊതു മാനദണ്ഡം നിശ്ചയിച്ച് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഓൺലൈനായി മാത്രം സ്ഥലംമാറ്റം നടത്തുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിർദ്ദേശം നൽകുമോയെന്ന് വ്യക്തമാക്കാമോ?

ലോട്ടറി മേഖലയെ ശക്തിപ്പെടുത്താന്‍ നടപടി

*26   ശ്രീ. കെ. ജയന്ത്
ശ്രീ. സജീവ് ജോസഫ്
ശ്രീ. വി. എസ്. ജോയി
ശ്രീ. കെ. പി. നൗഷാദ് അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ലോട്ടറി നറുക്കെടുപ്പ് സുതാര്യമാക്കുന്നതിനും ലോട്ടറി മേഖലയെ ശക്തിപ്പെടുത്തുന്നതിനും എന്ത് നടപടികളാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)  സംസ്ഥാനത്ത് ലോട്ടറി വില്പനക്കാരുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;

(സി)  കാരുണ്യ ലോട്ടറി വഴി കാരുണ്യ ബനവലന്‍റ് ഫണ്ടിലേക്ക് ലഭ്യമായ തുക അര്‍ഹരായ ഗുണഭോക്താക്കളിലേയ്ക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?

നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് തടയുന്നതിന് നടപടി

*27   ശ്രീ. കെ. പ്രേമൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഇന്ധന വിലയിലെ തുടര്‍ച്ചയായ വര്‍ദ്ധനവ് കാരണം സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  പച്ചക്കറിയും ഭക്ഷ്യധാന്യങ്ങളും ഉള്‍പ്പെടെയുള്ളവയുടെ വില വര്‍ദ്ധനവ് തടയുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;

(സി)  വിലവര്‍ദ്ധനവ് തടയുന്നതിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മുഖേന എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

സപ്ലൈകോയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ

*28   ശ്രീ. സേനാപതി വേണു
ശ്രീ. വി. പി. സജീന്ദ്രൻ
ശ്രീ. അബിൻ വർക്കി കോടിയാട്ട്
ശ്രീ. സി. വി. ശാന്തകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ സപ്ലൈകോയ്ക്ക് സർക്കാരിൽ നിന്നും എത്ര കോടി രൂപ ഏതൊക്കെ ഇനത്തിൽ കുടിശ്ശികയായി ലഭിക്കാൻ ഉണ്ടായിരുന്നു; വിശദാംശം വ്യക്തമാക്കുമോ;

(ബി)  വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി വിപണി ഇടപെടൽ നടത്തേണ്ട സപ്ലൈകോയ്ക്ക് അനുവദിക്കേണ്ട പണത്തിൽ കുടിശ്ശിക വരുത്തിയതിനാൽ സംസ്ഥാനത്ത് വിലക്കയറ്റത്തോത് കഴിഞ്ഞ 10 വർഷക്കാലയളവിൽ വൻതോതിൽ ഉയർന്നു നിന്നിരുന്നുവെന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം നല്കുമോ;

(സി)  ഫലപ്രദമായ വിപണി ഇടപെടൽ നടപ്പാക്കുന്നതിനും സപ്ലൈകോയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

സംസ്ഥാനത്തിന്റെ കടബാധ്യത

*29   ശ്രീ. റോയി. കെ. പൗലോസ്
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. എം. എം. നസീർ
ശ്രീമതി രമ്യ ഹരിദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി ഉയർന്ന സാഹചര്യം വ്യക്തമാക്കാമോ;

(ബി)  കഴിഞ്ഞ പത്തുവർഷംകൊണ്ട് സംസ്ഥാനത്തിന്റെ പൊതുകടം ഏകദേശം അഞ്ചിരട്ടിയായി വർധിച്ചു എന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ; സംസ്ഥാനം കടക്കെണിയിലേക്ക് നീങ്ങാൻ ഇടയായ സാഹചര്യം എന്താണെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;

(സി)  ജി.എസ്.ഡി.പി.യുടെ 35.5% ആയി കടബാധ്യത വർദ്ധിച്ചതിനെ മറികടക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

മൺസൂൺകാല സാംക്രമിക രോഗബാധയ്ക്കെതിരെ സ്വീകരിച്ചിട്ടുള്ള പ്രതിരോധ നടപടികൾ

*30   ശ്രീ. തോമസ് ഉണ്ണിയാടൻ
ശ്രീ. വർഗ്ഗീസ് മാമ്മൻ
ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഷിഗെല്ല രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൺസൂൺകാല സാംക്രമിക രോഗബാധയ്ക്കെതിരെ സ്വീകരിച്ചിട്ടുള്ള പ്രതിരോധ നടപടികൾ വിശദമാക്കാമോ;

(ബി)  ജലജന്യ രോഗങ്ങൾ സംബന്ധിച്ച് നടത്തിവരുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  പ്രതിരോധ നടപടികളുടെ ഭാഗമായി ജലസ്രോതസ്സുകൾ രോഗാണുമുക്തമാക്കുന്നതിന് സ്വീകരിച്ച നടപടികൾ അറിയിക്കാമോ;

(ഡി)  രോഗബാധയുടെ ഒരു ഉറവിടം കേടായ ഭക്ഷണമാണെന്ന വസ്തുത കണക്കിലെടുത്ത് രോഗബാധിത പ്രദേശങ്ങളിൽ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പുമായി ചേർന്ന് പരിശോധനകൾ കർശനമാക്കിയിട്ടുണ്ടോ; വിശദീകരിക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.